
മാനന്തവാടി: ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കൾക്കായി നിർണായക അറിയിപ്പ്. 2026 ജൂലൈ 31-നകം ഇ-കെവൈസി (ബയോമെട്രിക്) നടപടിക്രമം പൂർത്തിയാക്കാത്തവർക്ക് പാചകവാതക വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ ഇ-കെവൈസി പൂർത്തിയാക്കാത്തവർ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഇതുവരെ ഒരിക്കലും ഇ-കെവൈസി ചെയ്തിട്ടില്ലാത്ത എല്ലാ ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കളും നിർബന്ധമായും ബയോമെട്രിക് പരിശോധന പൂർത്തിയാക്കണം. എന്നാൽ, ഇതിനകം ഇ-കെവൈസി നടത്തിയ സാധാരണ ഉപഭോക്താക്കൾക്ക് വീണ്ടും നടപടിക്രമം ആവർത്തിക്കേണ്ടതില്ല. അതേസമയം, പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കളും നിലവിൽ സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കളും വർഷംതോറും ഇ-കെവൈസി പുതുക്കി നൽകേണ്ടതുണ്ട്.
ഗ്യാസ് കണക്ഷൻ ഉടമ മരണപ്പെട്ട സാഹചര്യത്തിൽ, കണക്ഷൻ നിയമാനുസൃത അവകാശിയുടെ പേരിലേക്ക് മാറ്റിയ ശേഷമേ ഇ-കെവൈസി പൂർത്തിയാക്കാൻ കഴിയൂ. വിദേശത്തുള്ളവരോ സ്ഥിരമായി പുറത്തുള്ളവരോ നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യങ്ങളിലും ആവശ്യമായ രേഖകൾ സമർപ്പിച്ച് കണക്ഷൻ അർഹരായ അവകാശിയുടെ പേരിലേക്ക് മാറ്റിയശേഷം നടപടിക്രമം പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇ-കെവൈസി സേവനം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും കോമൺ സർവീസ് സെന്ററുകളിലും (CSC) ലഭ്യമാണ്. കൂടാതെ ബന്ധപ്പെട്ട ഇൻഡെയ്ൻ ഗ്യാസ് ഏജൻസികളിലും ബയോമെട്രിക് പരിശോധന നടത്താനുള്ള സൗകര്യമുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ജൂലൈ 31-നകം പരമാവധി ഉപഭോക്താക്കളുടെ ഇ-കെവൈസി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഫോൺ മുഖേന ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്യുന്നുണ്ടെന്ന് കുളങ്ങരത്ത് സയ ഇൻഡെയ്ൻ സർവീസസിന്റെ ഇ-കെവൈസി കോ-ഓർഡിനേറ്റർ സലീം കെ. പി. അറിയിച്ചു.