മാനന്തവാടി: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനമായി.
ഇതിന്റെ ഭാഗമായി മെയ് 12 ചൊവ്വാഴ്ച നഗരസഭ പരിധിയിൽ മാസ് ക്ലീനിംഗ് ഡ്രൈവ് നടത്തും. അന്നേ ദിവസം മാനന്തവാടി പട്ടണത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യം.
ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി-വ്യവസായി സംഘടനകൾ, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യവിഭാഗം ജീവനക്കാർ, ആശാ വർക്കർമാർ, അംഗണവാടി അധ്യാപകർ, ട്രൈബൽ പ്രമോട്ടർമാർ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ നഗരസഭ ആഹ്വാനം ചെയ്തു. എക്സൈസ്, പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളുടെയും സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.
മഴക്കാലപൂർവ്വ ശുചീകരണവും ദുരന്തനിവാരണ പ്രവർത്തനങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിനായി മെയ് 8, 9 തീയതികളിൽ നഗരസഭയിലെ 37 വാർഡുകളിലും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സാനിറ്റേഷൻ കമ്മിറ്റികൾ ചേരും. ആശാ വർക്കർമാർ, അംഗണവാടി അധ്യാപകർ, എസ്.ടി പ്രമോട്ടർമാർ തുടങ്ങിയവർ യോഗങ്ങളിൽ പങ്കെടുക്കും.
വാർഡുതല ആക്ഷൻ പ്ലാനുകൾ തയ്യാറാക്കി സാമൂഹിക-സാംസ്കാരിക സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് തുക അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
നഗരസഭാ കാര്യാലയത്തിൽ നടന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു കെ. ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി. ജോർജ്, ഷീജ ഫ്രാൻസിസ്, പി.വി.എസ് മൂസ, നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ജിജിത രാജൻ, എച്ച്.ഐ സജേഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു എസ് എന്നിവർ സംസാരിച്ചു. കൗൺസിലർ സി. കുഞ്ഞബ്ദുള്ള നന്ദി രേഖപ്പെടുത്തി.