സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നു; പുതിയ നിരക്ക് മെയ് 21 മുതല്‍ നിലവില്‍ വരും

സംസ്ഥാനത്ത് Milma പാല്‍ വില വര്‍ധനയ്ക്ക് ഒരുങ്ങുന്നു. ഈ മാസം 21 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് 4 രൂപ വര്‍ധിപ്പിക്കാനാണ് നിലവിലെ തീരുമാനം.

വരും ദിവസങ്ങളില്‍ ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വിലവര്‍ധനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്നാണ് സൂചന. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് വില കൂട്ടാനുള്ള തീരുമാനം അന്തിമഘട്ടത്തിലെത്തിയത്.

നേരത്തെ സര്‍ക്കുലര്‍ റെസല്യൂഷന്‍ വഴി വില വര്‍ധന പാസാക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചിരുന്നുവെങ്കിലും അത് വിജയിച്ചില്ല. 18 അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡില്‍ 8 പേര്‍ മാത്രമാണ് സര്‍ക്കുലറില്‍ ഒപ്പുവെച്ചത്. ഇതോടെ വിഷയം പൂര്‍ണ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിന്റെ വലിയൊരു പങ്ക് ക്ഷീരകര്‍ഷകര്‍ക്കാണ് ലഭിക്കുക. ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

പുതിയ മാറ്റത്തോടെ മില്‍മ പാലിന്റെ ശരാശരി ലിറ്റര്‍ വില 56 രൂപയിലേക്ക് ഉയരും. ഇതിന് പിന്നാലെ തൈര്, നെയ്യ്, പേഡ ഉള്‍പ്പെടെയുള്ള മില്‍മയുടെ മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധന ഉണ്ടാകാനിടയുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *