കൽപ്പറ്റ: സർക്കാർ ടൗൺഷിപ്പിലെ ബാക്കി വീടുകളുടെ നറുക്കെടുപ്പ് ഉടൻ നടത്തണമെന്ന ആവശ്യം ശക്തമാക്കി മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർ. വീടിനായി കാത്തിരിക്കുന്ന എല്ലാ കുടുംബങ്ങൾക്കും എത്രയും വേഗം വീട് അനുവദിക്കണമെന്നും വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്നും രണ്ടാംഘട്ട ദുരന്തബാധിതർ ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്കാണ് സർക്കാർ ടൗൺഷിപ്പിൽ വീടുകൾ അനുവദിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗം കുടുംബങ്ങളും ഇതിനകം തന്നെ പുതിയ വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. ശേഷിക്കുന്നവരും ഉടൻ താമസം ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട നിരവധി കുടുംബങ്ങൾ ഇപ്പോഴും വീടിനായി കാത്തിരിക്കുകയാണെന്ന് രണ്ടാംഘട്ട ഗുണഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ പദ്ധതിപ്രകാരം ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്. ബാക്കിയുള്ള വീടുകളുടെ നിർമാണവും പുരോഗമിക്കുന്ന സാഹചര്യത്തിൽ, ആദ്യഘട്ടത്തിലെ മാതൃകയിൽ തന്നെ രണ്ടാംഘട്ട ഗുണഭോക്താക്കൾക്കായും ഉടൻ നറുക്കെടുപ്പ് നടത്തി വീടുകൾ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സർക്കാരിൽ നിന്ന് മാസവാടകയും ദിനബത്തയും ലഭിക്കുന്നുണ്ടെങ്കിലും, തങ്ങൾക്ക് ലഭിക്കുന്ന വീട് ഏതാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പല കുടുംബങ്ങളും. ഈ ആവശ്യം ജില്ലാ കളക്ടറെ അറിയിച്ചപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതായി ദുരന്തബാധിതർ പറയുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
അതേസമയം, ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളുടെ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള നടപടികളും സർക്കാർ വേഗത്തിലാക്കണമെന്നും ഇനി കൂടുതൽ കാലതാമസം ഉണ്ടാകരുതെന്നുമാണ് ദുരന്തബാധിതരുടെ ആവശ്യം.