‘പ്രിയ മി’ യാത്രയ്ക്ക് തുടക്കം; സ്ത്രീകൾക്ക് സർക്കാരിന്റെ ആദരവായി സൗജന്യ ബസ് യാത്രയെന്ന് മുഖ്യമന്ത്രി

കേരളത്തിലെ പൊതുഗതാഗത മേഖലയിലെ സുപ്രധാന പദ്ധതികളിലൊന്നായ ‘പ്രിയദർശിനി ബസ് യാത്രാ പദ്ധതി’ സംസ്ഥാനത്ത് ഔദ്യോഗികമായി ആരംഭിച്ചു. KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. വനിതകളുടെയും ട്രാൻസ്ജെൻഡർ സമൂഹത്തിന്റെയും പ്രതിനിധികൾക്ക് സീറോ ടിക്കറ്റ് കൈമാറിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

സ്ത്രീകൾക്ക് നൽകുന്ന ഒരു ഔദാര്യമെന്ന നിലയിൽ ഈ പദ്ധതിയെ കാണേണ്ടതില്ലെന്നും, കേരളത്തിലെ സ്ത്രീകളോടുള്ള സർക്കാരിന്റെ ആദരവിന്റെ പ്രതീകമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ ഈ പദ്ധതിക്ക് വലിയ സ്വാധീനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ദിവസേന ജോലിക്കായി യാത്ര ചെയ്യുന്ന തൊഴിലാളികൾ, വിദ്യാർത്ഥിനികൾ, ജീവനക്കാർ, ചികിത്സയ്ക്കായി സഞ്ചരിക്കുന്നവർ തുടങ്ങി നിരവധി സ്ത്രീകൾക്ക് യാത്രാചെലവിൽ വലിയ ലാഭമുണ്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ ലാഭിക്കുന്ന തുക സമ്പാദ്യമായി മാറ്റിവെക്കാൻ കഴിയുമെന്നും, KSFE പോലുള്ള സ്ഥാപനങ്ങളിൽ ചിട്ടി ചേർന്ന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർക്കാർ അധികാരത്തിലെത്തി ഒരു മാസം പൂർത്തിയാകുന്നതിന് മുൻപേ തന്നെ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്ന് നടപ്പിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി സർക്കാർ പ്രതിവർഷം ഏകദേശം 800 കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

ഗതാഗത വകുപ്പിനോടും KSRTC യോടും വലിയ പ്രതീക്ഷയുണ്ടെന്നും, വരും ദിവസങ്ങളിൽ കോർപ്പറേഷന്റെ വരുമാനം വർധിച്ച് സർക്കാർ സഹായം വേണ്ടാത്ത നിലയിലേക്ക് KSRTC എത്തുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പങ്കുവച്ചു.

അതേസമയം, ഈ പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, KSRTC ഓർഡിനറി സർവീസുകൾ ലഭ്യമല്ലാത്ത റൂട്ടുകളിൽ സ്വകാര്യ ബസുകളെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *