സ്കൂളുകൾ തുറന്നതിനെ തുടർന്ന് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടിപ്പർ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് സമയപരിധി ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പുതുക്കിയ നിർദേശപ്രകാരം രാവിലെ 8 മുതൽ 10 മണിവരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം ബാധകമാകുക.
സ്കൂൾ, കോളേജ് സമയങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കുകയും ചെയ്യുന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം സ്കൂൾ പരിസരങ്ങളിൽ അനധികൃത പാർക്കിംഗ് അനുവദിക്കില്ലെന്നും വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കുമെന്നും അധികൃതർ അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ആവശ്യമായാൽ വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്യും.
സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും പെർമിറ്റും നിർബന്ധമായും ഉണ്ടായിരിക്കണം. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി വാഹനങ്ങളിൽ സഹായികളെ നിയോഗിക്കണമെന്നും നിർദേശമുണ്ട്. സ്കൂൾ ബസുകൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ മാത്രം പാർക്ക് ചെയ്യണമെന്നും കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും ക്രമബദ്ധമായ ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
കൂടാതെ, സ്കൂൾ സോണുകളിൽ വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ മാത്രമേ സഞ്ചരിക്കാവൂ. സ്കൂൾ സമയം അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ വിദ്യാർത്ഥികളെ കൊണ്ടുപോകാനെത്തുന്ന വാഹനങ്ങൾ സ്കൂൾ പരിസരത്ത് എത്താവൂ എന്നും പുതുക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.