
തിരുവനന്തപുരം: കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് നിലവിലുള്ള കളർ കോഡ് സംബന്ധിച്ച് പുനഃപരിശോധന നടത്താൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. വിവിധ ഹൈക്കോടതി വിധികൾ പരിഗണിച്ചും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2023ൽ പുറത്തിറക്കിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും കണക്കിലെടുത്തുമാണ് തീരുമാനം എടുക്കേണ്ടതെന്ന് സർക്കാർ വ്യക്തമാക്കി.
കേരളത്തിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾക്ക് മാത്രമായി കളർ കോഡ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ബാധകമാകുമ്പോൾ, മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങൾക്ക് സമാനമായ നിയന്ത്രണങ്ങൾ ഇല്ലെന്ന പരാതികൾ ഉയർന്നിരുന്നു. ഇത് സംസ്ഥാനത്തെ ടൂറിസം ഗതാഗത മേഖലയെ ബാധിക്കുന്നുവെന്നും വാഹന ഉടമകൾ മറ്റ് സംസ്ഥാനങ്ങളിൽ ബസുകൾ രജിസ്റ്റർ ചെയ്യുന്നതിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
വാഹന രജിസ്ട്രേഷൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്നത് മോട്ടോർ വാഹന നികുതി, പെർമിറ്റ് ഫീസ് തുടങ്ങിയവയിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന വരുമാനത്തെയും ബാധിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 67(1)(ഡി) പ്രകാരമുള്ള അധികാരം വിനിയോഗിച്ച് സർക്കാർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് നിർദേശം നൽകിയത്.
ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. റോഡ് സുരക്ഷയുടെ ഭാഗമായി ടൂറിസ്റ്റ് ബസുകളിൽ സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും ഉൾപ്പെടെയുള്ള അലങ്കാരങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് കേരള മോട്ടോർ വാഹന ചട്ടം 264 പ്രകാരം 2021 ഓഗസ്റ്റ് 11ന് എൽഎംവി അല്ലാത്ത കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ഏകീകൃത കളർ കോഡ് നടപ്പാക്കിയത്.
അതേസമയം, കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രത്യേക നിറം നിർബന്ധമാക്കിയിട്ടില്ല. ഇതും മറ്റ് സംസ്ഥാനങ്ങളിലെ സമാന നിയന്ത്രണങ്ങളും പരിഗണിച്ചായിരിക്കും കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ കളർ കോഡ് സംബന്ധിച്ച തുടർനടപടി.
വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ ഉയർന്നു; പുതിയ നിരക്കുകൾ ഒക്ടോബർ മുതൽ
വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകളിൽ വലിയ മാറ്റം വരുത്തി റെഗുലേറ്ററി കമ്മീഷൻ. പോസ്റ്റ്, അധിക വയർ, ട്രാൻസ്ഫോർമർ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമായ കണക്ഷനുകൾക്കും ഇത്തരം സൗകര്യങ്ങൾ ആവശ്യമില്ലാത്ത കണക്ഷനുകൾക്കും വ്യത്യസ്തമായിരുന്ന ചില നിരക്കുകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും.
ഇതോടെ ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷനായി അപേക്ഷ നൽകുന്ന സമയത്ത് തന്നെ നിശ്ചിത ഫീസ് അടയ്ക്കാൻ സാധിക്കും. നിലവിൽ കണക്ഷന് ആവശ്യമായ ഫീസ് കെഎസ്ഇബി കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
അതേസമയം, വൈദ്യുതി ലൈനിൽ നിന്ന് 200 മീറ്ററിന് അപ്പുറത്തുള്ളതും കൂടുതൽ പോസ്റ്റുകളും മറ്റ് ഉപകരണങ്ങളും ആവശ്യമായതുമായ കണക്ഷനുകൾക്ക് നിലവിലെ നിരക്ക് തുടരും. ഈ നിരക്കുകളും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഗാർഹിക കണക്ഷനുകൾക്കും പുതിയ നിരക്ക്
രണ്ട് കിലോവാട്ട് വരെ ലോഡുള്ള സിംഗിൾ ഫെയ്സ് ഗാർഹിക കണക്ഷന് ഇനി 2,000 രൂപയാണ് ഫീസ്. ഇതുവരെ അഞ്ച് കിലോവാട്ട് വരെ ലോഡിന് 1,740 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള ഗാർഹിക കണക്ഷന്റെ ഫീസ് 1,740 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി.
ഗാർഹികേതര കണക്ഷനുകൾക്ക് ഒരു കിലോവാട്ട് വരെ 2,500 രൂപയും രണ്ട് കിലോവാട്ട് വരെ 3,000 രൂപയുമാണ് പുതിയ നിരക്ക്.
ത്രീ ഫെയ്സ് കണക്ഷനിലും വലിയ മാറ്റം
ത്രീ ഫെയ്സ് കണക്ഷനുകളിൽ ലോഡ് കൂടുന്നതിനനുസരിച്ച് ഫീസ് വർധിക്കുന്ന രീതിയിലാണ് പുതിയ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് മുതൽ 10 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 4,220 രൂപയായിരുന്നു ഫീസ്.
പുതിയ നിരക്കിൽ അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെ 8,000 രൂപയും ഏഴ് മുതൽ 10 കിലോവാട്ട് വരെ 10,000 രൂപയുമാകും നൽകേണ്ടത്.
എൽടി ത്രീ ഫെയ്സ് വിഭാഗത്തിൽ 10 മുതൽ 25 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 14,420 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 1,560 രൂപ വീതമാണ് ഈടാക്കുക. ഇതനുസരിച്ച് 25 കിലോവാട്ട് കണക്ടഡ് ലോഡിന് 39,000 രൂപ നൽകേണ്ടിവരും.
കണക്ടഡ് ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫെയ്സ് കണക്ഷൻ ത്രീ ഫെയ്സാക്കി മാറ്റുന്നതിനും പുതിയ നിരക്ക് ബാധകമാണ്. ഇതിനായി ഓരോ കിലോവാട്ടിനും 700 രൂപയാണ് ഫീസ്.
ഉയർന്ന ലോഡുള്ള കണക്ഷനുകൾക്ക് വൻ വർധന
25 മുതൽ 50 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 21,750 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 30 മുതൽ 40 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 2,890 രൂപ വീതം നൽകണം.
50 കിലോവാട്ടിന് മുകളിലും 100 കിലോവാട്ട് വരെയും ഓരോ കിലോവാട്ടിനും 5,670 രൂപയാണ് പുതിയ നിരക്ക്.
ഇതനുസരിച്ച് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് നിലവിൽ 21,750 രൂപ നൽകിയിരുന്നിടത്ത് ഇനി ഏകദേശം 2.11 ലക്ഷം രൂപ ഫീസ് നൽകേണ്ടിവരും.
ഈ വിഭാഗത്തിൽ കണക്ഷന് ട്രാൻസ്ഫോർമറോ മറ്റ് അധിക സാമഗ്രികളോ ആവശ്യമായി വന്നാലും അതിനായി പ്രത്യേക തുക ഈടാക്കില്ല.
പുതിയ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ വിവിധ വിഭാഗങ്ങളിലെ വൈദ്യുതി കണക്ഷൻ ചെലവിൽ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടാകുക. പ്രത്യേകിച്ച് ഉയർന്ന കണക്ടഡ് ലോഡുള്ള കണക്ഷനുകളെയാണ് നിരക്ക് പരിഷ്കരണം കൂടുതൽ ബാധിക്കുക.
ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
2026 സെപ്റ്റംബർ 25 മുതൽ ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വകുപ്പ് വ്യക്തമാക്കി.
വാഹനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഔദ്യോഗിക സാരഥി പരിവാഹൻ പോർട്ടലിൽ പ്രവേശിച്ച് ‘Others’ എന്ന വിഭാഗത്തിലെ ‘Update Mobile Number’ ഓപ്ഷൻ തിരഞ്ഞെടുക്കുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യാം.
ലൈസൻസുമായി ബന്ധപ്പെട്ട ഇത്തരം അറിയിപ്പുകളിൽ സംശയമുള്ളവർ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെ ആശ്രയിക്കാതെ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും മറ്റ് ഔദ്യോഗിക സംവിധാനങ്ങളിലും പ്രസിദ്ധീകരിക്കു