വിഷൻ കേരളത്തിന് കരുത്തായി കന്നി ബജറ്റ്; മിഷൻ സമുദ്ര മുതൽ ലൈറ്റ് മെട്രോ വരെ വമ്പൻ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശൻ സർക്കാർ

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. അടിസ്ഥാനസൗകര്യ വികസനം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, തുറമുഖ വികസനം തുടങ്ങി വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിന്റെ പ്രധാന ആകർഷണം.

കേരളത്തെ ആഗോള സമുദ്ര വ്യാപാര ഭൂപടത്തിൽ ശക്തമായ സാന്നിധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘മിഷൻ സമുദ്ര’ പദ്ധതിക്ക് ബജറ്റിൽ രൂപം നൽകി. തുറമുഖ വികസനത്തിനും അനുബന്ധ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.

ധാതുമേഖലയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനുള്ള നടപടികളും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ധാതു-തുറമുഖ സാധ്യതകളെ ഏകോപിപ്പിച്ച് സതേൺ കേരള ഇക്കണോമിക് കോറിഡോർ രൂപീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള വികസന കാഴ്ചപ്പാടിന്റെ ഭാഗമായി ഏവിയേഷൻ ലോജിസ്റ്റിക് ഹബ് സ്ഥാപിക്കാൻ 200 കോടി രൂപ അനുവദിച്ചു. കൂടാതെ കൊച്ചി വിമാനത്താവളത്തിന് സമീപം ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

തൊഴിൽ മേഖലയിലെ ആവശ്യങ്ങൾ മുൻകൂട്ടി വിലയിരുത്തി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കും. സാറ്റലൈറ്റ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സ്വകാര്യ ഉപഗ്രഹ നിർമാണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹിക സുരക്ഷയ്ക്ക് കൂടുതൽ കരുത്തേകാൻ വൺ കേരള കരുതൽ മിഷൻ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ ചികിത്സയ്ക്ക് മുൻഗണന നൽകുന്ന പദ്ധതിയായിരിക്കും ഇത്. കൂടാതെ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും ബജറ്റിൽ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തെ ദേശീയ-അന്തർദേശീയ കേന്ദ്രമാക്കി ഉയർത്തുന്നതിനായി കേരള നോളജ് വാലി സ്ഥാപിക്കാൻ 100 കോടി രൂപ അനുവദിച്ചു. വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് 50 കോടിയും കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടിയും വകയിരുത്തി. സ്വകാര്യ സർവകലാശാല ബില്ലിൽ കാലാനുസൃതമായ ഭേദഗതികൾ കൊണ്ടുവരുമെന്നും സർക്കാർ അറിയിച്ചു.

ഗതാഗത മേഖലയിൽ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതിക്ക് തുടക്കമിടുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി, പ്രാരംഭ നടപടികൾക്കായി 20 കോടി രൂപ അനുവദിക്കുമെന്നും വ്യക്തമാക്കി.

കായിക രംഗത്ത് മലബാറിൽ ലോകനിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി. കൂടാതെ കേരളത്തെ സ്വർണ വിനിമയ മേഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്കും സർക്കാർ തുടക്കമിടുമെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

കർഷകർക്ക് ആശ്വാസമായി റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വികസനവും സാമൂഹിക ക്ഷേമവും ഒരുപോലെ മുൻനിർത്തിയുള്ള വിവിധ പദ്ധതികളാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *