
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും രോഗനിര്‍ണയ സേവനം ലഭ്യമാക്കുന്നതിനായി അത്യാധുനിക ഡിജിറ്റല്‍ എക്സ്-റേ യന്ത്രം എത്തി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നവകേരള സദസ്സില്‍ അനുവദിച്ച പദ്ധതിയുടെ ഭാഗമായാണ് പുതിയ യന്ത്രം മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നത്.
മുന്‍ മന്ത്രി ഒ.ആര്. കേളുവിന്റെ ശ്രമഫലമായി 1.6 കോടി രൂപ ചെലവഴിച്ചാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് മുഖേന യന്ത്രം വാങ്ങിയത്. ഡിജിറ്റല്‍ റേഡിയോഗ്രാഫി ടൈപ്പ് എ വിഭാഗത്തില്‍പ്പെടുന്ന അത്യാധുനിക എക്സ്-റേ സംവിധാനമാണിത്.
സാംസങ് കമ്പനിയുടെ ജിസി 85 മോഡല്‍ യന്ത്രമാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. പരിശോധന നടത്തി ഏകദേശം രണ്ട് മിനിറ്റിനുള്ളില്‍ തന്നെ ഫലം ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് യന്ത്രത്തിന്റെ പ്രധാന പ്രത്യേകത. രോഗി യന്ത്രത്തിന് സമീപം നില്‍ക്കുകയോ കിടക്കുകയോ ചെയ്താല്‍ പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ എക്സ്-റേ പരിശോധന നടത്താന്‍ സാധിക്കും.
നിലവില്‍ മെഡിക്കല്‍ കോളേജില്‍ പ്രതിദിനം ശരാശരി 150 ഓളം എക്സ്-റേ പരിശോധനകളാണ് നടത്തുന്നത്. ആരോഗ്യ കേരളം പദ്ധതി, ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വിവിധ പദ്ധതികള്‍ എന്നിവയുടെ ഭാഗമായി 75 ശതമാനത്തിലധികം രോഗികള്‍ക്ക് സൗജന്യമായാണ് ഈ സേവനം ലഭിക്കുന്നത്.
പുതുതായി സ്ഥാപിച്ച സി.ടി. സ്കാന്‍ യന്ത്രത്തിന്റെ മുറിയോട് ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് പുതിയ ഡിജിറ്റല്‍ എക്സ്-റേ യന്ത്രം സ്ഥാപിക്കുക. വ്യാഴാഴ്ച മെഡിക്കല്‍ കോളേജിലെത്തിച്ച യന്ത്രത്തിന്റെ ഇന്സ്റ്റലേഷന് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
സെപ്റ്റംബര്‍ ആദ്യവാരത്തോടെ പുതിയ ഡിജിറ്റല്‍ എക്സ്-റേ യന്ത്രത്തിന്റെ സേവനം രോഗികള്‍ക്ക് ലഭ്യമാകുമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമാകുന്നതോടെ വയനാട് ഗവ. മെഡിക്കല്‍ കോളേജിലെ രോഗനിര്‍ണയ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.