മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. നിലവിലുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധിച്ച് പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 2017-ൽ നിലവിൽ വന്ന ഉത്തരവിലാണ് മാറ്റങ്ങൾ പരിഗണിക്കുന്നത്.
നിലവിലെ ചട്ടങ്ങൾ പ്രകാരം വീടിന്റെ വിസ്തീർണം, നാലുചക്ര വാഹനത്തിന്റെ ഉടമസ്ഥത, കുടുംബത്തിന്റെ ഭൂവിസ്തൃതി എന്നിവയാണ് മുൻഗണനാ റേഷൻ കാർഡിനുള്ള പ്രധാന അർഹതാ മാനദണ്ഡങ്ങൾ. എന്നാൽ, ഇന്നത്തെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ മാനദണ്ഡങ്ങൾ യാഥാർഥ്യത്തിന് അനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ടോ എന്നതാണ് സർക്കാർ പരിശോധിക്കുന്നത്.
അതേസമയം, ആദിവാസി-ഗോത്രവർഗ മേഖലകളിൽ സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശം നൽകി. കൂടാതെ, സ്കൂൾ-കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ ക്ലബ്ബുകളുടെ നിലവിലെ പ്രവർത്തനവും വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
മാറ്റം ആവശ്യപ്പെടുന്നതെന്തുകൊണ്ട്?
2017-ലെ ഉത്തരവ് അനുസരിച്ച് 1,000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രമുള്ള വാഹനങ്ങളുടെ ഉടമകൾ, കുടുംബത്തിന്റെ പേരിൽ ഒരേക്കറിലധികം ഭൂമിയുള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻ കാർഡിന് അർഹതയില്ല.
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ മാനദണ്ഡങ്ങളിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ 1,000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീടോ ഒരു നാലുചക്ര വാഹനമോ ഉണ്ടെന്നത് മാത്രം സാമ്പത്തികമായി മുന്നിലുള്ളവരാണെന്നതിന് തെളിവല്ലെന്നാണ് പൊതുവായ വിലയിരുത്തൽ. ഭിന്നശേഷിയുള്ള കുടുംബാംഗങ്ങളുടെ യാത്രാസൗകര്യത്തിനായി വാഹനങ്ങൾ ഉപയോഗിക്കുന്ന കുടുംബങ്ങളും നിരവധി ഉണ്ടെന്നതിനാൽ, ഇത്തരം യാഥാർഥ്യങ്ങൾ കൂടി പരിഗണിച്ചുള്ള മാനദണ്ഡ പരിഷ്കരണം വേണമെന്ന ആവശ്യമാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
ഇത്തരം നിർദേശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും പുതിയ മാനദണ്ഡങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളുക.