കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥി കൺസെഷൻ നിരക്ക് വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിരക്ക് ഏകപക്ഷീയമായി ഉയർത്തിയതിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രവർത്തകർ തിങ്കളാഴ്ച കൽപ്പറ്റ ആർ.ടി.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി ഉപരോധ സമരം സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ നിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്നുവെന്ന് ആരോപിച്ച പ്രവർത്തകർ, വിഷയത്തിൽ ഗതാഗത വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഒരു രൂപയായിരുന്ന വിദ്യാർത്ഥി കൺസെഷൻ നിരക്ക് മൂന്ന് രൂപയാക്കിയ സ്വകാര്യ ബസ് ഉടമകളുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ഇത് വിദ്യാർത്ഥികളുടെ യാത്രാവകാശത്തെ ബാധിക്കുന്നതാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
രാവിലെ 11 മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. നിരക്ക് വർധന പിൻവലിക്കുന്നതിനായി അധികൃതർ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് സംഘടനയുടെ ആരോപണം. സ്വകാര്യ ബസ് ഉടമകളുടെ ഏകപക്ഷീയ തീരുമാനത്തിനെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതിഷേധത്തെ തുടർന്ന് നടന്ന ചർച്ചയിൽ, വിദ്യാർത്ഥികളിൽ നിന്ന് അധിക കൺസെഷൻ തുക ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ചൊവ്വാഴ്ച മുതൽ പ്രത്യേക പരിശോധനാ സ്ക്വാഡ് രംഗത്തിറങ്ങുമെന്ന് ആർ.ടി.ഒ അധികൃതർ ഉറപ്പ് നൽകിയതായി എസ്.എഫ്.ഐ നേതാക്കൾ അറിയിച്ചു. നിരക്ക് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ജില്ലാ സെക്രട്ടറി എം.എസ്. ആദർശ്, ജില്ലാ പ്രസിഡന്റ് അപർണ ഗൗരി, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷിബിലി, സെക്രട്ടേറിയറ്റ് അംഗം മിഥുലജ്, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു പി. ആസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വിദ്യാർത്ഥി കൺസെഷൻ നിരക്ക് വർധിപ്പിച്ചതിനെതിരെ കഴിഞ്ഞ ദിവസവും വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിഷയത്തിൽ സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തി പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. ഇതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്.