നീലക്കുറിഞ്ഞി കാണാൻ പ്ലാനുണ്ടോ? പോകും മുൻപ് ഇത് അറിയണം; ചില പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശന വിലക്ക്

പശ്ചിമഘട്ടത്തെ നീലനിറത്തിൽ മൂടുന്ന അപൂർവ പ്രകൃതി വിസ്മയമായ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലയുന്ന കാഴ്ച നിരവധി സഞ്ചാരികളെ ആകർഷിക്കുകയാണ്. എന്നാൽ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ നീലക്കുറിഞ്ഞി വിരിയുന്ന ചില വനമേഖലകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ് വനംവകുപ്പ്.

ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള നടുഗണി, ഗൂഡല്ലൂർ, ഊസിമല, ഓവാലി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത്തവണ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തിരിക്കുന്നത്. അപൂർവ സസ്യമായ നീലക്കുറിഞ്ഞിയെ സംരക്ഷിക്കുന്നതിനും പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ശക്തമായതിനാലും മുൻകരുതൽ നടപടിയായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത സസ്യവിഭാഗത്തിൽ ഉൾപ്പെട്ടതാണ് നീലക്കുറിഞ്ഞി. അതിനാൽ പൂക്കൾ പറിക്കുകയോ ചെടികൾക്ക് കേടുപാടുകൾ വരുത്തുകയോ ചെയ്യുന്നത് നിയമലംഘനമാണെന്നും അത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

നിലവിൽ പൂത്തുലഞ്ഞിരിക്കുന്ന വനമേഖലകളിൽ കാട്ടാനകളുടെ സഞ്ചാരം കൂടുതലായതിനാൽ സ്വന്തം സുരക്ഷ മുൻനിർത്തി അനുമതിയില്ലാതെ ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു.

നീലക്കുറിഞ്ഞി കാണാൻ പ്രശസ്തമായ കേന്ദ്രങ്ങൾ

  • ചൊക്രമുടി
  • മീശപ്പുലിമല
  • എടലിമേട്
  • സെവൻമല
  • ഗുണ്ടമല

ഇത്തരം സ്ഥലങ്ങളിൽ ഓരോ സീസണിലും ആയിരക്കണക്കിന് പ്രകൃതിസ്നേഹികളാണ് എത്തുന്നത്. എന്നാൽ യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട വനംവകുപ്പിന്റെ നിർദേശങ്ങളും പ്രവേശനാനുമതിയും പരിശോധിക്കുന്നത് നിർബന്ധമാണ്.

എന്താണ് നീലക്കുറിഞ്ഞി?

പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം കൂട്ടമായി പൂവിടുന്ന അപൂർവ സസ്യമാണ് നീലക്കുറിഞ്ഞി. സാധാരണയായി ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലാണ് പൂക്കൾ വിരിയുന്നത്. അവസാനമായി 2018-ലാണ് വ്യാപകമായി പൂത്തത്. അതിനാൽ അടുത്ത പ്രധാന പൂക്കാലം 2030-ലായിരിക്കുമെന്നാണ് പ്രതീക്ഷ.

കാന്തേസി (Acanthaceae) കുടുംബത്തിലും Strobilanthes ജനുസിലും ഉൾപ്പെടുന്ന ഈ സസ്യത്തിന് ലോകത്ത് ഏകദേശം 250 ഇനങ്ങളുണ്ട്. അതിൽ 46 ഇനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിലെ 1,300 മുതൽ 2,400 മീറ്റർ വരെ ഉയരമുള്ള ഷോല വനങ്ങളും പുൽമേടുകളുമാണ് നീലക്കുറിഞ്ഞിയുടെ പ്രധാന ആവാസകേന്ദ്രം.

പ്രകൃതിസൗന്ദര്യത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും വലിയ പ്രാധാന്യമുള്ള ഈ അപൂർവ സസ്യം കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയുടെ നാശം, മനുഷ്യ ഇടപെടൽ എന്നിവ മൂലം വിവിധ ഭീഷണികൾ നേരിടുന്നുണ്ട്. അതിനാൽ നീലക്കുറിഞ്ഞിയെയും അതിന്റെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കാൻ കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *