
രാജ്യത്തെ യുപിഐ ഇടപാടുകളിൽ പുതിയ ഫീസ് ഘടന പ്രഖ്യാപിച്ചു. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യുടെ പുതിയ ചട്ടപ്രകാരം, 2026 ഒക്ടോബർ 15 മുതൽ ₹2,000ന് മുകളിലുള്ള ചില വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം വരെ Merchant Discount Rate (MDR) ബാധകമാകും.
എന്നാൽ സാധാരണക്കാർ തമ്മിലുള്ള വ്യക്തി-വ്യക്തി (P2P) യുപിഐ ഇടപാടുകൾക്ക് യാതൊരു ഫീസും ഉണ്ടാകില്ല. ₹2,000 വരെയുള്ള വ്യക്തി-വ്യാപാരി (P2M) ഇടപാടുകളും സൗജന്യമായി തുടരും.
₹2,000ന് മുകളിലുള്ള സാധാരണ വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം MDR ആണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഇടപാടിന് പരമാവധി ഈടാക്കാവുന്ന തുക ₹300 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ₹75,000 അല്ലെങ്കിൽ അതിന് മുകളിലുള്ള ഇടപാടുകളിലാണ് പരമാവധി ₹300 ബാധകമാകുക.
റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഇൻപുട്ടുകൾ തുടങ്ങിയ പ്രത്യേക മേഖലകളിൽ ₹2,000ന് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനത്തിന് പകരം ₹5 ഫ്ലാറ്റ് MDR ആയിരിക്കും.
പ്രധാനമായി, ഈ MDR ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കാനുള്ളതല്ല. വ്യാപാരികളാണ് ഇത് വഹിക്കേണ്ടത്. ഉപഭോക്താക്കളിലേക്ക് ഈ ചെലവ് മാറ്റാതിരിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
അതേസമയം, പ്രതിമാസം ₹1 ലക്ഷം വരെ UPI QR വഴി സ്വീകരിക്കുന്ന ചെറിയ വ്യാപാരികൾക്ക് സീറോ-MDR ആനുകൂല്യം തുടരും. ഏകദേശം 96 ശതമാനം വ്യാപാരി ഇടപാടുകളെയും പുതിയ MDR ബാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.