വയനാട്ടിൽ ഇനി നെറ്റ്‌വർക്ക് ‘പവർഫുൾ’; കണക്ഷനില്ലാത്ത മേഖലകളിലും അതിവേഗ മൊബൈൽ സേവനം എത്തിക്കാൻ നടപടി!

Improved mobile network connectivity to be provided across Wayanad

കൽപ്പറ്റ: വയനാട് ജില്ലയിൽ ടെലികോം സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ മേഖലകളിലും 4ജി നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. ടെലികോം രംഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. അജീഷിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ആസ്പിരേഷൻ ജില്ലയായ വയനാട്ടിൽ ടെലികോം മേഖലയിൽ സമഗ്രമായ വികസനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിലവിൽ 4ജി സേവനം ലഭ്യമല്ലാത്തതോ കാര്യക്ഷമമല്ലാത്തതോ ആയ പ്രദേശങ്ങൾ കണ്ടെത്തി അവിടങ്ങളിൽ അടിയന്തരമായി നെറ്റ്‌വർക്ക് സൗകര്യം ഉറപ്പാക്കുന്നതിനാണ് പ്രധാന പരിഗണന.

നെറ്റ്‌വർക്ക് ലഭ്യതക്കുറവ് മൂലം ഓൺലൈൻ ജോലികൾ, വിദ്യാർഥികളുടെ പഠനം, വീഡിയോ കോളുകൾ, യു.പി.ഐ ഇടപാടുകൾ തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾ പലപ്പോഴും തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. കണക്ഷൻ സൗകര്യം പരിമിതമായ മുഴുവൻ പ്രദേശങ്ങളിലും 4ജി സേവനം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ടെലികോം സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും ജില്ലാ ടെലികോം കമ്മിറ്റി യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ വിളിച്ചുചേർക്കുന്നതിനും യോഗത്തിൽ ധാരണയായി. ജില്ലയിലെ നിലവിലെ നെറ്റ്‌വർക്ക് സാഹചര്യം വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

യോഗത്തിൽ ടെലികോം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ രാമേശ്വർ ധരിവാൾ, അസിസ്റ്റന്റ് ഡയറക്ടർ വി.ഐ. അജീബ്, ബി.എസ്.എൻ.എൽ ഡി.ജി.എം എം.എ. സതീഷ്, എ.ജി.എം ബി.ടി. രാമചന്ദ്രു, ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ്. നിവേദ് എന്നിവർ പങ്കെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *