എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഹാജരായി. ഈ മാസം 29ന് ഹാജരാകാനായിരുന്നു മുൻ നിർദേശം ഉണ്ടായിരുന്നത്. എന്നാൽ ഇഡി നേരിട്ട് വിളിച്ചുവരുത്തിയതിനെ തുടർന്നാണ് ഇന്ന് ഹാജരായതെന്നാണ് വിവരം. കേസിൽ ഇഡി വീണയെ ചോദ്യം ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്.
ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ ചോദ്യം ചെയ്യൽ നടക്കുന്നത്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായ 134 രേഖകൾ ഇഡിക്ക് കൈമാറിയിട്ടുണ്ട്. ഈ രേഖകൾ മുൻനിർത്തിയാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ട നടപടികൾ പുരോഗമിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
റെയ്ഡിനെ തുടർന്ന് മരവിപ്പിച്ച ഏകദേശം 18 കോടി രൂപ താത്കാലികമായി കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും ഇഡി ഉടൻ കടക്കുമെന്നാണ് സൂചന.
2016 മുതൽ 2020-21 വരെയുള്ള കാലയളവിൽ ഐടി സേവനങ്ങളുടെ പേരിൽ കരിമണൽ കമ്പനിയിൽ നിന്ന് വീണ ടിക്കും എക്സാലോജിക് കമ്പനിക്കും 2.78 കോടി രൂപ ലഭിച്ചതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ തുക ലഭിക്കാൻ അടിസ്ഥാനമായ സേവനങ്ങൾ എക്സാലോജിക് കമ്പനി യഥാർത്ഥത്തിൽ നൽകിയിട്ടില്ലെന്ന കണ്ടെത്തലാണ് എസ്എഫ്‌ഐഒയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ളത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ ഏജൻസികൾ തുടരുകയാണ്.