
തിരുവനന്തപുരം: പട്ടികവർഗ വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളെ ‘ഊര്’ എന്ന് പുനർനാമകരണം ചെയ്ത് പട്ടികജാതി-പട്ടികവർഗ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ പട്ടികവർഗ മേഖലകൾക്ക് ‘ഉന്നതി’ എന്ന പേര് നൽകാനുള്ള മുൻ സർക്കാരിന്റെ തീരുമാനത്തിലാണ് മാറ്റം വന്നത്.
മുൻ ഉത്തരവ് പ്രകാരം ‘കോളനി’, ‘സങ്കേതം’, ‘ഊര്’ തുടങ്ങിയ പ്രയോഗങ്ങൾക്ക് പകരമായി ‘നഗർ’, ‘ഉന്നതി’, ‘പ്രകൃതി’ തുടങ്ങിയ പേരുകൾ നൽകാനായിരുന്നു നിർദേശം. അതത് പ്രദേശങ്ങളുടെ പ്രാദേശിക താൽപര്യം പരിഗണിച്ച് മറ്റ് പേരുകൾ നൽകാനും വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥയാണ് ഇപ്പോൾ സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്.
‘ഊര്’, ‘സങ്കേതം’, ‘കുടി’, ‘ഊരുമൂപ്പന്മാർ’, ‘ഊരുകൂട്ടം’ തുടങ്ങിയ പദങ്ങൾ പട്ടികവർഗ സമൂഹങ്ങളുടെ ജീവിതരീതിയോടും സാംസ്കാരിക പൈതൃകത്തോടും ഏറെ ബന്ധപ്പെട്ടവയാണെന്ന് വിവിധ പട്ടികവർഗ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഇത്തരം പദങ്ങൾ ഒഴിവാക്കുന്നത് തങ്ങളുടെ ചരിത്രവും സംസ്കാരവും പാരമ്പര്യവും ഇല്ലാതാക്കുന്നതിന് സമാനമാണെന്നും സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു. ഈ ആവശ്യങ്ങൾ പരിഗണിച്ചാണ് പട്ടികജാതി-പട്ടികവർഗ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
പുതിയ തീരുമാനത്തോടെ പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങൾക്ക് അവരുടെ പരമ്പരാഗതവും സാംസ്കാരികവുമായ സ്വത്വം പ്രതിഫലിപ്പിക്കുന്ന ‘ഊര്’ എന്ന പേരിന് ഔദ്യോഗിക അംഗീകാരം ലഭിക്കും. സർക്കാർ ഉത്തരവിലെ ഭേദഗതി സംസ്ഥാനത്തെ വിവിധ പട്ടികവർഗ മേഖലകളുടെ പേരുകളിലും ഔദ്യോഗിക രേഖകളിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.