സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങലുകൾ സമഗ്രമായി പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യവകുപ്പിൽ ആഭ്യന്തര ഓഡിറ്റ് നടത്താൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകിയതോടെയാണ് നടപടി. Kerala Medical Services Corporation Limited (KMSCL) മുഖേന വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളും പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തും.
വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഗോഡൗണിൽ പെട്ടികൾ തുറക്കാതെയാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അന്വേഷണം വ്യാപിപ്പിച്ചത്. ഉപയോഗിക്കാതെ കിടന്നതിനാൽ നിരവധി ഉപകരണങ്ങൾ കേടായതായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ആറ് മൊബൈൽ മോർച്ചറി യൂണിറ്റുകൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതായും കണ്ടെത്തിയിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
അടുത്തിടെ ആരോഗ്യമന്ത്രി കോഴിക്കോട്, വയനാട് ജില്ലകളിലെ ആശുപത്രികളിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തിനിടെയാണ് വയനാട് മെഡിക്കൽ കോളജിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഉപയോഗിക്കാത്ത മെഡിക്കൽ ഉപകരണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്നാണ് സംസ്ഥാനതലത്തിൽ മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങൽ, സംഭരണം, വിനിയോഗം എന്നിവ പരിശോധിക്കാൻ തീരുമാനമായത്.
ആഭ്യന്തര ഓഡിറ്റിലൂടെ കഴിഞ്ഞ പത്ത് വർഷത്തെ മെഡിക്കൽ പർച്ചേസുകളുടെ വിശദാംശങ്ങളും നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കണക്കും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.